
സ്കൂളുകളിലെ ഇരിപ്പിടത്തിലെ സമത്വവും ഉൾപ്പെടുത്തിയതിനെതിരെ വിവിധ സംഘടനകൾ സർക്കാറിനെതിരെ രംഗത്തുവന്ന കാരണത്താൽ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഒരേ ഇരിപ്പിടം എന്നത് ചർച്ചക്കായി തയാറാക്കിയ കരട് രേഖയിൽ നിന്ന് ഒഴിവാക്കി. കരട് രേഖയിൽ കരിക്കുലം കോർ കമ്മിറ്റിയിലും എസ്.സി.ഇ.ആർ.ടി രൂപവത്കരിച്ച ഫോക്കസ് ഗ്രൂപ്പിലും നടന്ന ചർച്ചകൾക്കൊടുവിലാണ് രേഖയിൽ നിന്ന് ഇരിപ്പിടത്തിലെ സമത്വം ഉൾപ്പെടെ ഒഴിവാക്കിയത്.
പരിഷ്കരണത്തിന്റെ തുടക്കത്തിൽതന്നെ വിവാദം ഉയർന്നത് വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരിപ്പിട സമത്വം ഉൾപ്പെടെയുള്ളവ നീക്കിയത്. പാഠ്യപദ്ധതി, പാഠപുസ്തകം, വിദ്യാലയ അന്തരീക്ഷം, ബോധന രീതികൾ ഇവയാണ് ലിംഗനീതി വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രധാന ഉപാധികളെന്ന് ഭേദഗതി വരുത്തിയ പുതിയ രേഖയിൽ പറയുന്നു.
സമൂഹ ചർച്ചക്കായി എട്ട് പോയന്റുകളാണ് ഉൾപ്പെടുത്തിയത്. ‘തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുയിടങ്ങളുമായുള്ള സമ്പർക്ക സന്ദർഭങ്ങൾ, ജെൻഡർ ന്യൂട്രൽ സമീപനം എന്നിവയെല്ലാം വിദ്യാലയ പ്രവർത്തനങ്ങളിൽ പാലിക്കുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം’ എന്നതാണ് ചർച്ചക്കായി രേഖയിൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളിൽ പ്രധാനപ്പെട്ടത്.
ലിംഗനീതി, ലിംഗസമത്വാവബോധം എന്നിവ കുട്ടികളിൽ വികസിപ്പിക്കാൻ പാഠ്യപദ്ധതിയിൽ ഇനിയും കൂട്ടിച്ചേർക്കേണ്ട ഘടകങ്ങൾ ഉണ്ടോ?, വീടുകളിൽ കുട്ടികൾക്ക് ലിംഗ വ്യത്യാസമില്ലാത്ത പഠനം, കളികൾ, ജീവിതാനുഭവങ്ങൾ എന്നിവയിൽ പങ്കാളികളാകുന്നതിനു വേണ്ടത്ര അവസരം നൽകേണ്ടതുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ നൽകാൻ കഴിയും?, സ്കൂൾതലത്തിൽ എല്ലാ പ്രവർത്തനങ്ങളിലും പെൺകുട്ടികൾ മികവ് പുലർത്തുന്നുണ്ടെങ്കിലും വളർന്നുവരുമ്പോൾ പൊതുസമൂഹത്തിൽ അവരുടെ പങ്കാളിത്തം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടായിരിക്കാം?, പുസ്തകങ്ങൾ, കലാരൂപങ്ങൾ, അച്ചടി -ദൃശ്യമാധ്യമങ്ങൾ, നവമാധ്യമങ്ങൾ എന്നിവയിലൂടെ കുട്ടി പരിചയപ്പെടുന്ന ഭാഷ ലിംഗനീതിയിൽ അധിഷ്ഠിതമാണെന്ന് ഉറപ്പാക്കാൻ എങ്ങനെ കഴിയും?എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് രേഖയിൽ ഉള്ളത്.