
കൊച്ചി:തെറ്റ് പറ്റി കഴിഞ്ഞാൽ അത് പരസ്യമായി അംഗീകരിക്കാൻ മനസുള്ളയാളാണ് താൻ എന്ന് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണൻ. ജീവിതത്തിൽ എല്ലാ വികാരങ്ങളും ഉള്ള പച്ചയായ മനുഷ്യനാണ് താൻ. താൻ ചെയ്ത 90 ശതമാനം കാര്യങ്ങളും ആളുകൾ കാണാൻ ശ്രമിക്കില്ല. തന്റെ ഭാഗത്ത് നിന്ന് പത്ത് ശതമാനം തെറ്റ് സംഭവിച്ചാൽ അതിനെ കുറിച്ചാണ് ഇവിടെ ചർച്ച നടക്കുന്നതെന്നും റോബിൻ പറഞ്ഞു. ‘നോട്ടി മോങ്ക്’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം.
റോബിന്റെ വാക്കുകൾ :
‘വളരെ ടാലന്റ് ഉള്ള, ഇന്റലിജെന്റ് ആയ മനുഷ്യനൊന്നും അല്ല ഞാൻ. എന്നാൽ പരിമിതികളിൽ നിന്ന് കൊണ്ട് എന്റെ ബെസ്റ്റ് കൊടുക്കാൻ ഞാൻ ശ്രമിച്ച് കൊണ്ടേയിരിക്കും. ഓരോ നിമിഷവും താൻ കഠിനാധ്വാനം ചെയ്യുകയാണ്. നമ്മുടെ പാഷനെ വളരെ ആത്മാർത്ഥതയോടെയാണ് നമ്മൾ കാണുന്നതെങ്കിൽ ഉറപ്പായും നമ്മൾ അതിന് വേണ്ടി സമയം കണ്ടെത്തും, കഠിനാധ്വാനത്തിലൂടെ നമ്മുക്ക് ആ സ്വപ്നം നേടിയെടുക്കാൻ സാധിക്കും’.
‘എനിക്ക് പോസിറ്റീവ്സും നെഗറ്റീവ്സും ഉണ്ട്. എന്റെ നെഗറ്റീവുകളെ ആരും ഉള്ളിലേക്കെടുക്കരുതെന്നാണ് തനിക്ക് പറയാൻ ഉള്ളത്. ജീവിതത്തിൽ എല്ലാ വികാരങ്ങളും ഉള്ള പച്ചയായ മനുഷ്യനാണ് ഞാൻ. എന്നിരുന്നാലും എവിടേയെങ്കിലും വീണാൽ അടുത്ത സ്റ്റെപ് ഞാൻ എടുത്ത് വെയ്ക്കും’.

‘എനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്, ചെസ്റ്റ് ഇൻഫെക്ഷൻ വന്ന് ആരോഗ്യം വളരെ മോശമായി ഇരിക്കുകയാണ്. ഉറക്കം തീരെയില്ല, ഓടി നടക്കുവാണ് ഞാൻ എന്നിട്ടും എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കുന്നത് എന്തുകൊണ്ടെന്ന് വെച്ചാൽ എന്റെ ജീവിതത്തിൽ ഞാൻ എവിടെയെങ്കിലും എത്തണമെങ്കിൽ ഞാൻ തന്നെ കഠിനാധ്വാനം ചെയ്യണം. എനിക്ക് ആരും ഒന്നും കൊണ്ട് തരില്ല’.
‘തെറ്റ് പറ്റി കഴിഞ്ഞാൽ അത് ഞാൻ സമ്മതിക്കും. അത് ന്യായീകരിക്കാൻ ഞാൻ നിൽക്കാറില്ല. സോഷ്യൽ മീഡിയയിൽ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും നെഗറ്റീവ് നടക്കുന്നുണ്ടോ എന്ന് വരാൻ കാത്ത് നിൽക്കുകയാണ്. ഞാൻ ചെയ്ത 90 ശതമാനം നല്ല കാര്യങ്ങളും അവർ നോക്കില്ല. പത്ത് ശതമാനം നെഗറ്റീവ് വന്നാൽ അത് മാത്രമേ ആളുകൾ എടുക്കുകയുള്ളൂ’, റോബിൻ പറഞ്ഞു.
അവതാരകയായ ആരതി പൊടിയെന്ന പെൺകുട്ടിയുമായി റോബിൻ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇത് സംബന്ധിച്ച അവതാരകന്റെ ചോദ്യത്തിന് മറുപടി ഇങ്ങനെ- ‘ആരതിയെ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ ഹാപ്പിയായി ഇരിക്കണം, നന്നായി ഇരിക്കണം എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവരുടെ ആഗ്രഹമെങ്കിൽ ഞാൻ ഹാപ്പിയായി ഇരിക്കുന്ന കാര്യത്തിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നോട്ടെ. അല്ലാതെ വെറുതെ ഒരു ചർച്ചയുടെ ആവശ്യം എന്താണ്’.
‘ആരതി പൊടിക്ക് അഭിമുഖം ചെയ്യാനൊന്നും അറിയുമായിരുന്നില്ല. അവളുടെ ആദ്യ അഭിമുഖമായിരുന്നു ഞാനുമായി നടന്നത്. അതൊരു വിവാദ ഇൻറർവ്യൂ ആയിരുന്നില്ല. നല്ലൊരു ഫൺ ടൈപ്പ് ചിറ്റ് ചാറ്റ് ആയിരുന്നു. പക്ഷേ അതല്ല ആളുകൾ എന്റർടെയ്ൻ ചെയ്യുന്നത്. കുറച്ച് കുത്തിതിരിപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്’.ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇത്തരം കുത്തിതിരിപ്പുകൾ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റോബിൻ പറഞ്ഞു.