
തിരുവനന്തപുരം: മങ്കിപോക്സിൽ സംസ്ഥാനത്ത് വല്ലാത്ത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പുന്നയൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വെസ്റ്റ് ആഫ്രിക്കൻ വകഭേദമാണ് തൃശ്ശൂരിൽ മരിച്ച യുവാവിൽ കണ്ടെത്തിയത്. മരണത്തിനിടയായ സാഹചര്യം വിശദമായി പരിശോധിക്കും.ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 20 പേരുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ചു വെക്കരുതെന്നും , എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ്. യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കപട്ടികയിലുള്ളത്.
യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ 21 നായിരുന്നു. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പ്രകടമായ ലക്ഷണങ്ങളൊന്നും അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായതിനു പിന്നാലെ ശനിയാഴ്ച്ച മരണം സംഭവിച്ചു.
യുവാവ് മരിച്ചതിന് ശേഷമാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തുവെച്ച് നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ അറിയിച്ചത്. തുടര്‍ന്ന് ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സ്രവസാമ്പിൾ പരിശോധനയിലും പുണെ വൈറോളജി ലാബിലെ പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.