
പതിമൂന്നാമത് ഭരത് മുരളി ചലച്ചിത്ര പുരസ്കാരം നടി ദുർഗ കൃഷ്ണയ്ക്ക്. ഈ വർഷം പുറത്തിറങ്ങിയ ‘ഉടൽ’ എന്ന സിനിയമയിലെ പ്രകടനത്തിലൂടെയാണ് ദുർഗ പുരസ്കാരത്തിന് അർഹയായത്. അന്തരിച്ച നടൻ മുരളിയുടെ പേരിൽ ഭരത് മുരളി കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
സംവിധായകൻ ആർ ശരത്, മാധ്യമ പ്രവർത്തകൻ എം കെ സുരേഷ്, കൾച്ചറൽ സെന്റർ ചെയർമാൻ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാർ എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിശ്ചയിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ കെ പി കുമാരൻ പുരസ്കാരം സമ്മാനിക്കും.
മെയ് 20നാണ് ഉടൽ റിലീസ് ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം രതീഷ് രഘുനന്ദന് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുർഗ കൃഷ്ണയ്ക്ക് പുറമെ ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.