ചിറയിന്‍കീഴ്: യൂട്യൂബ് നോക്കി പല പരീക്ഷണങ്ങളും നമ്മളിൽ പലരും നടത്താറുണ്ട്. അത്തരത്തിൽ ഒരു പരീക്ഷണം കഴിഞ്ഞ ദിവസം ഒരു 12 വയസ്സുകാരനും ചെയ്ത് നോക്കി. ഈ വിരുതൻ ഉണ്ടാക്കിയത് വൈൻ ആണ്. തുടർന്ന് വൈനുണ്ടാക്കിയ പന്ത്രണ്ട് വയസുകാരന് സ്കൂളിലെത്തി വിദ്യാർത്ഥിക്ക് വിളമ്പുകയും ചെയ്തു. പിന്നീട് സഹപാഠിയായ വിദ്യാര്‍ത്ഥി വൈന്‍ കുടിച്ച് ഛര്‍ദ്ദിച്ച് അവശനായതിനേത്തുടര്ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറയില്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടില്‍ രക്ഷിതാക്കള്‍ വാങ്ങി നല്കിയ മുന്തിരി ഉപയോഗിച്ചാണ് 12കാരന് യൂട്യൂബ് നോക്കി വൈന്‍ പരീക്ഷണം നടത്തിയത്. സഹപാഠി ആശുപത്രിയില്‍ ആയതോടെയാണ് പരീക്ഷണം പാളിയെന്ന് 12കാരന് മനസ്സിലായത്.
തുടര്‍ന്ന് സഹപാഠിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിശദാംശങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വൈന്‍ സ്കൂളിലെത്തിച്ച 12കാരന്റെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ രക്ഷിതാവിനെ കാര്യങ്ങള്‍ അറിയിച്ച് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയുടെ രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിനേത്തുടര്‍ന്ന് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി.