
നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്.
അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
അതേ സമയം നടൻ ശ്രീജിത്ത് രവിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പരാതിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. ഇയാൾ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി. നാലാം തിയതിയുടെ മൂന്ന് ദിവസം മുമ്പ് നഗ്നതാ പ്രദർശനം നടത്തിയെങ്കിലും പരാതി നൽകിയില്ല. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവർത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങിയത്.
ശ്രീജിത്ത് രവി നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ലാറ്റിനടുത്തുള്ള ഇടവഴിയിലെത്തി. നാലാം തിയതി വളരെ മോശമായ രീതിയിലാണ് പ്രദർശനം നടത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതിന് ശേഷമാണ് പരാതി നൽകിയത്. കുട്ടികൾ ആളെ മനസിലാക്കിയെങ്കിലും സംശയമുണ്ടായിരുന്നു. അഞ്ചാം തിയതിയും ഇയാളുടെ കാർ ഇവിടെ തന്നെ എത്തിയെന്നും വീണ്ടും നഗ്നതാ പ്രദർശനത്തിന് ശ്രമമുണ്ടായെന്നും രക്ഷിതാക്കൾ പറഞ്ഞു.