
കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയത്തെ രണ്ടു താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.
മണിക്കൂറുകളായി തുടരുന്ന കനത്ത മഴ കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ ഭീതി പടർത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയിലും മൂന്നിലവിലും അടക്കം ജില്ലയിലെ പലയിടത്തും കനത്ത മഴയും കാറ്റും ഉരുൾപ്പൊട്ടലും അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുണ്ടക്കയം കോസ് വേയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു ടീം ഇവിടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വണ്ടംപതാലിൽ പാലത്തിൽ കുടുങ്ങിയ മൂന്നു യുവാക്കളെ നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനാ സംഘം രക്ഷപ്പെടുത്തി. മൂന്നിലവ്, മങ്കൊമ്പ് , കളത്തൂക്കടവ്, മുണ്ടയ്ക്കപ്പറമ്പ്, കടുവാമുഴി എന്നിവിടങ്ങളിലാണ് ഈരാറ്റുപേട്ടയിൽ വെള്ളം കയരിയിരിക്കുന്നത്. മഴ സമാന രീതിയിൽ തുടരുകയാണെങ്കിൽ രാത്രിയിൽ തന്നെ ഈരാറ്റുപേട്ടയിൽ വെള്ളം കയറുമെന്നാണ് നാട്ടുകാർ പറയുന്നത്.
മൂന്നിലവ്, മേലുകാവ്, തലനാട്, തീക്കോയി പ്രദേശങ്ങളിൽ വലിയ മലവെള്ളപ്പാച്ചിലും കനത്ത മഴയും അനുഭവപ്പെടുന്നതായി പൂഞ്ഞാർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ് അറിയിച്ചു. മൂന്നിലവ്,തലനാട്, തീക്കോയി പ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മൂന്നിലവ് ടൗൺ ഏതാണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയതായി ഷോൺ ജോർജ് പറയുന്നു. പഞ്ചയാത്തിലെ രണ്ടുമൂന്ന് വാർഡുകൾ പൂർണമായും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഇലവീഴാപ്പൂഞ്ചിറയിലേയ്ക്കു യാത്ര ചെയ്ത വിനോദ സഞ്ചാരികൾ അടക്കമുള്ളവർ കുടുങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ അഗ്നിരക്ഷാ സേനാ സംഘം അടക്കം രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.