ഇന്ത്യയുടെ രാഷ്ട്രപതിയായി ചരിത്രം കുറിച്ച് കൊണ്ട് ദ്രൗപദി മുർമു അധികാരമേറ്റു. നമ്മുടെ രാജ്യത്തെ രാഷ്ട്രപതിക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളും പരിശോധിക്കാം.
ശമ്പളം:
പ്രതിമാസം അഞ്ച് ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ വേതനം. മുമ്പ് ഒന്നരലക്ഷം രൂപയായിരുന്നത് 2016 ലാണ് വർധിപ്പിച്ചത്.
ഔദ്യോഗിക വസതി
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രപതി ഭവനാണ് രാഷ്ട്രപതി താമസിക്കുന്നത്. 1929 ലാണ് രാഷ്ട്രപതി ഭവന്റെ നിർമാണം പൂർത്തിയായത്. ബ്രിട്ടീഷ് വാസ്തുവിദഗ്ധൻ എഡ്വിൻ ല്യൂട്ടെൻസാണ് ശിൽപി. 340 മുറികളോട് കൂടിയതാണ് ഇത്. ന്യൂഡൽഹിയിൽ റെയ്സിന കുന്നിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവൻ 320 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പ്രസിഡൻഷ്യൽ എസ്റ്റേറ്റിന്റെ ഭാഗമാണ്. ഇതിന് പുറമേ ഷിംലയിൽ റിട്രീറ്റ് ബിൽഡിങ് രാഷ്ട്രപതിയുടെ വേനൽക്കാല വസതിയായും ഹൈദരാബാദിലെ രാഷ്ട്രപതി നിലയം ശൈത്യകാല വസതിയായും ഉണ്ട്.
വാഹനം
മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡ് എന്ന 10 കോടിയോളം രൂപ വിലമതിക്കുന്ന കാറാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനം. സ്ഫോടനം വരെ ചെറുക്കാൻ ശേഷിയുണ്ട് ഈ വാഹനത്തിന്. എന്നാൽ സുരക്ഷ പ്രശ്നങ്ങൾ കാരണം ഈ കാറിന്റെ മുഴുവൻ വിവരങ്ങളും അറിയുകയില്ല. നമ്പർ പ്ലേറ്റിന് പകരം അശോകസ്തംഭമാണ് വാഹനത്തിന്.
വിമാനം
ബോയിങ് 777 എയർ ഇന്ത്യ വണ്ണിലാണ് രാഷ്ട്രപതിയുടെ വിമാന യാത്ര. രാഷ്ട്രപതിക്കു പുറമെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന രണ്ട് എയർ ഇന്ത്യ വൺ വിമാനങ്ങൾക്കുമായി ആകെ 8400 കോടിയാണ് ചെലവ് വരുന്നത്.
അംഗരക്ഷകർ
പ്രതിരോധ നിരയിൽ ഉന്നത സ്ഥാനത്തുള്ള’പ്രസിഡന്റ്സ് ബോഡിഗാർഡ്സ്’ (പി.എസ്.ജി) എന്ന സംഘമാണ് രാഷ്ട്രപതിയുടെ സുരക്ഷചുമതല നിർവഹിക്കുന്നത്.
വിരമിച്ച ശേഷം
രണ്ടരലക്ഷം രൂപയാണ് രാഷ്ട്രപതിക്ക് പെൻഷനായി ലഭിക്കുന്നത്. സർവ്വ സൗകര്യങ്ങളുള്ള വസതിയും സഹായത്തിനായി അഞ്ച് ജീവനക്കാരെയും നൽകും. ആജീവനാന്തം സൗജന്യ ചികിത്സ . പങ്കാളിയുമൊത്തുള്ള തീവണ്ടി, വിമാന യാത്രകൾ സൗജന്യമാണ്. കൂടാതെ രണ്ട് ലാൻഡ്ഫോണുകളും ഒരു മൊബൈൽ ഫോണും ഉണ്ടാകും.