
ബിഗ് ബോസ് മലയാളം സീസൺ ഫോർ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സീസണുകളിലൊന്നായിരുന്നു. നാലാം സീസണിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട ചില മത്സരാർഥികളുമുണ്ടായിരുന്നു.
അക്കൂട്ടത്തിൽ ജനസ്വീകാര്യത നേടിയ രണ്ടുപേരായിരുന്നു റോബിനും ബ്ലെസ്ലിയും. റോബിൻ പുറത്താക്കുന്നത് വരെ ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു.
പിന്നീട് ഇരുവരുടേയും ആരാധകരും ബന്ധുക്കളും തമ്മിലുണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലുകൾ സംഭവിക്കുകയായിരുന്നു.
ഗ്രാന്റ് ഫിനാലെയോട് അടുത്തപ്പോൾ ബ്ലെസ്ലിയെ കുറ്റപ്പെടുത്തി റോബിൻ വീഡിയോ പങ്കുവെച്ചതും വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഫോർ ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ പഴയ സൗഹൃദം വീണ്ടും തിരികെ പിടിച്ചിരിക്കുകയാണ് റോബിനും ബ്ലെസ്ലിയും.
കട്ടൻ വിത്ത് ഇമ്മട്ടിയെന്ന ടോക്ക് ഷോയിൽ പങ്കെടുക്കാനെത്തിയപ്പോൾ സംവിധായകൻ ടോം ഇമ്മട്ടിയുടെ നിർദേശ പ്രകാരം ബ്ലെസ്ലി റോബിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ താൻ ഉടൻ വരാമെന്ന് റോബിനും ബ്ലെസ്ലിക്ക് വാക്ക് നൽകിയിരുന്നു.
ഇത് പ്രകാരമാണ് റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി സംസാരിച്ചത്. റോബിൻ പുറത്ത് വന്ന ശേഷം പലപ്പോഴായി റോബിൻ ഫാൻസും ബ്ലെസ്ലിയുടെ കുടുംബാംഗങ്ങളും തമ്മിലും പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു.
റോബിൻ പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ വന്നപ്പോൾ ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു… ‘ഞരമ്പനെന്ന് അവനെ വിളിക്കുന്നത് കേട്ടപ്പോഴാണ് ഏറ്റവും കൂടുതൽ സങ്കടം വന്നത്.’
‘ഞാൻ പഞ്ചായത്തിൽ പോകുന്നത് പോലും നിർത്തിയിരുന്നു. എവിടെ ചെന്നാലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് എന്റെ മുന്നിലേക്ക് വന്നുകൊണ്ടിരുന്നത്… കരച്ചിലായിരുന്നു ദിവസവും’ ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.
അതിന് റോബിൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു…. ‘എല്ലാം വിടൂ… ഞാൻ അതിനുള്ളിൽ ബ്ലെസ്ലിയെ സപ്പോർട്ട് ചെയ്തിട്ടേയുള്ളൂ. വെളിയിൽ വന്ന ശേഷം നടന്നത് സംഭവിച്ച് പോയതാണ്. ശവത്തിൽ കുത്തരുത്…. ഞാൻ എടുത്ത് ചാടിയപ്പോൾ സംഭവിച്ചതാണ് ഇതെല്ലാം.’
‘ഞാൻ പലവട്ടം ബ്ലെസ്ലിയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു പക്ഷെ പറ്റിയില്ല’ റോബിൻ വിശദീകരിച്ചു. റോബിൻ ഏറ്റവും കൂടുതൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നത് ബ്ലെസ്ലിയുടെ സഹോദരനുമായിട്ടായിരുന്നു.
ആ സഹോദരനേയും റോബിൻ വീഡിയോകോളിൽ വിളിച്ച് പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ഈ വർഷത്തെ ഫ്രണ്ട്ഷിപ്പ് ഡേയിലാണ് റോബിനും ബ്ലെസലിയും തങ്ങളുടെ പരസ്പരമുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച് ഒന്നായത്.