
വയനാട് : വയനാട് എം പി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫീസ് അക്രമണക്കേസിൽ പ്രതികളായ എസ് എഫ് ഐ ക്കാരിൽ ചിലർ 2017ൽ ബത്തേരി ഡോൺ ബോസ്കോ കോളേജ് തച്ചുതകർത്തതിലും ഉൾപ്പെട്ടവരാണ്. കോളജ് തകർത്തതിനുള്ള നഷ്ടപരിഹാരം പ്രതികളിൽ നിന്നും ഈടാക്കിയതിന് ശേഷം കോളേജിന് നൽകാൻ ബത്തേരി സബ് കോടതി ഉത്തരവിട്ടിരുന്നു. കൽപ്പറ്റയിലെപ്പോലെ ബത്തേരിയിലും പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ അക്രമം.
സംഘടനാപ്രവർത്തനത്തിന് വിദ്യാർഥിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു ബത്തേരി ഡോൺ ബോസ്കോ കോളജിൽ 2017ജൂലൈയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം ഉണ്ടായത്.മുക്കാൽ മണിക്കൂറിലേറെ നീണ്ട അക്രമണത്തിൽ ഓഫീസ് വസ്തുക്കളും 179 ജനലുകളും അടിച്ചുതകർത്തു.13 പ്രതികളിൽ നിന്നും 5 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കോളേജിന് നൽകാൻ ബത്തേരി സബ് കോടതിയാണ് ഉത്തരവിട്ടത്. ഈ കേസിൽ ഉൾപ്പെട്ടവരിൽ ചിലർ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർക്കുന്നതിലും നേരിട്ട് പങ്കാളികളായി.
നിലവിലെ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി രണ്ട് സംഭവത്തിലും ഉൾപ്പെട്ടിട്ടുണ്ട്.കൽപറ്റയിൽ നടന്നതുപോലുള്ള സംഘർഷ സാധ്യത ഉണ്ടായിട്ടും ബത്തേരിയിലും പൊലീസ് കാഴ്ചക്കാരാവുകയായിരുന്നു. ഇരുപതിലേറെ പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു അക്രമം ഉണ്ടായത്.
രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ പിടിയിലായവരുടെ എണ്ണം 30 ആയി
രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയി. പിടിയിലായവരിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല.
ആക്രമണത്തിൽ ഉൾപ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കെ.ആർ.അവിഷിത്തിനെ സ്റ്റാഫിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.എസ്എഫ്ഐ വയനാട് മുൻ ജില്ലാ വൈസ് പ്രസിഡൻറാണ് കെ.ആർ.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നൽ വേഗത്തിൽ നടപടികളുണ്ടായത്. ഈ മാസം 15 മുതൽ വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഓഫീസിൽ വരുന്നില്ലെന്ന വിവരവും പൊതുഭരണവകുപ്പിൽ കിട്ടി. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി. അവിഷിത്തിന് ആഭ്യന്തരവകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ് ഉടൻ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവൻ പൊതുഭരണ വകുപ്പിന് കത്തു നൽകിയിട്ടുണ്ട്.