
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം. കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യ വീടിന് നേരെയും ആക്രമണമുണ്ടായി.
കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് – ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.
കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. കെപിസിസി ആസ്ഥാനത്തിന് നേരെയും കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.