
തൃക്കാക്കര: ഒരു മാസത്തോളം നീണ്ട ഹൈ വോൾട്ടേജ് പ്രചാരണത്തിന് ശേഷം തൃക്കാക്കരയിൽ ജയിച്ചു കയറിയത് ഉമ തോമസ് തന്നെ. അഞ്ചാം റൗണ്ടിൽത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടിൽ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. 25000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ തോമസ് ജയിച്ചു കയറിയത്.
ബെന്നി ബഹനാന് കിട്ടിയതിനേക്കാൾ ഭൂരിപക്ഷം നേടി തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി നിയമസഭയിലേക്ക് എത്തുന്നത്. ഇരുപതിൽത്താഴെ ബൂത്തുകളിൽ മാത്രമാണ് ജോ ജോസഫിന് മുൻതൂക്കം കിട്ടിയത്. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുക താനെന്ന അവകാശവാദം ഉന്നയിച്ച എ എൻ രാധാകൃഷ്ണന് പക്ഷേ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് പോലും കിട്ടിയില്ലെന്ന നിരാശ മാത്രം ബാക്കി.
ഒടുവിൽ വിവരം കിട്ടുമ്പോൾ യുഡിഎഫ് – 70098, എൽഡിഎഫ് – 45834, ബിജെപി – 12588 എന്നിങ്ങനെയാണ് വോട്ട് നില. 25112 വോട്ടാണ് നിലവിൽ ഉമ തോമസിന്റെ ഭൂരിപക്ഷം.