
മലപ്പുറം: ഓട്ടോ ഡ്രൈവറോടുള്ള വൈരാഗ്യം തീർക്കാൻ ചാരായ കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍. ഓട്ടോ ഡ്രൈവറുടെ അയല്‍വാസിയായ എടരിക്കോട് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്മാന്, വാഴയൂര്‍ സ്വദേശി കുനിയില്‍ കോടമ്ബട്ടില് അബ്ദുള്‍ മജീദ് എന്നിവരാണ് പിടിയിലായത്.
പുത്തരിക്കല്‍ ഉള്ളണം പള്ളിയുടെ മുന്‍വശത്ത് ഓട്ടോറിക്ഷയില്‍ നാടന്‍ ചാരായം വില്‍പ്പന നടത്തുന്നുവെന്ന് പോലീസ് സ്റ്റേഷനിലേക്ക് മുജീബ് റഹ്മാന് വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡി എ എന്‍ എസ് എ എഫ് ടീം പരിശോധന നടത്തിയതോടെ ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളില്‍ വെച്ച നാലര ലിറ്റര്‍ ചാരായം കണ്ടെടുക്കുകയായിരുന്നു.
എന്നാല്‍ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ മുന്‍ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസില്‍ പെടുത്താനായി മൂജീബ് ചെയ്തതാണെന്ന് മനസ്സിലായി. മറ്റൊരു കേസില്‍ മുജീബ് ജയിലില്‍ കിടന്നിരുന്ന സമയത്ത് പരിചയപ്പെട്ട അബ്ദുല്‍ മജീദിനെക്കൊണ്ട് കോട്ടക്കല്‍ ചുടലപ്പാറയില്‍ നിന്നും ഓട്ടോ വിളിച്ച് യാത്രക്കിടയില്‍ മുജീബ് നല്കിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു.
പരപ്പനങ്ങാടി പുത്തരിക്കല്‍ എത്തിയ ശേഷം മജീദ് ഓട്ടോയില്‍ നിന്ന് ഇറങ്ങി കുറച്ച് നേരം കാത്തിരിക്കാന്‍ പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങി. ഓട്ടോറിക്ഷയെ പിന്തുടര്ന്ന് വന്ന മുജീബ് റഹ്മാന് ഓട്ടോ ഡ്രൈവര്‍ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയില്‍ ചാരായം വില്‍പ്പന നടത്തുന്നുവെന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.