
തിരുവനന്തപുരത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശിനി സുമി(18)യാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണിയെ(21) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കൊലപാതകത്തിനും ആത്മഹത്യക്കും കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ദാരുണമായ സംഭവം. സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണുകിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
3 വർഷത്തോളമായി ഉണ്ണിയും സുമിയും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കുറച്ച് നാളായി ഇരുവരും തമ്മിൽ ഇടയ്ക്ക് പിണക്കം ഉണ്ടായിരുന്നു. ഉണ്ണി തന്നെ മർദ്ദിച്ചതായി സുമി വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ശനിയാഴ്ച്ച സുമിയും ഉണ്ണിയും തമ്മിൽ പിണങ്ങുകയും സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകൾ ഒരുമിച്ച് എടുത്ത് കഴിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വീട്ടുക്കാർ സുമിയെ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നാലെ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ സുമിയെ അബോധാവസ്ഥയിൽ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.
സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ റബ്ബർ തോട്ടത്തിൽ വച്ച് ഇരുവരും തമ്മിൽ പിടിവലി നടന്നതിൻ്റെ ലക്ഷണങ്ങളും കണ്ടെത്തി. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിിയിട്ടുണ്ട്