
കോട്ടക്കല്‍: സെറിബ്രല്‍ പാള്‍സി രോഗമാണ് 18കാരനായ മുഹമ്മദ് സാബിക് നേരിടുന്ന പ്രധാന വെല്ലുവിളി. ജനിച്ച ദിവസം മുതല്‍ ഇന്നുവരെ ഉമ്മയുടെ ഒക്കത്തിരുന്നായിരുന്നു ഈ പൊന്നുമോൻ ലോകം കണ്ടത്.
വയ്യാത്തതല്ലേ, എങ്ങോട്ടും കൊണ്ടുപോകേണ്ട; വീട്ടിലിരുത്തിയാല്‍ മതിയെന്ന് ഒരേ സ്വരത്തില്‍ എല്ലാവരും പറഞ്ഞപ്പോഴും മാതാവ് ഒരു തീരുമാനമെടുത്തു. മകനെ പുറംലോകം കാണിക്കണം, പഠിപ്പിക്കണം.
പിന്നിട്ട വഴികള്‍ ഏറെ കഠിനമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം മകന് വിജയ തീരമാണിയുമ്പോൾ രക്ഷിതാക്കളായ കോട്ടക്കല്‍ ചിനക്കലിന് സമീപം മൂട്ടപ്പറമ്പൻ ലത്തീഫിനും സുബീറ ലിസാനിക്കുമിത് അഭിമാന നിമിഷമാണ്. കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഭിന്നശേഷി വിദ്യാര്‍ഥികളില്‍ ഉന്നത വിജയമാണ് സാബിക്ക് നേടിയെടുത്തത്. ഹുമാനിറ്റീസില്‍ മൂന്നു വിഷയങ്ങള്‍ക്കും എ പ്ലസും ഇതര വിഷയങ്ങളില്‍ എയും നേടിയാണ് മിടുക്കന്റെ വിജയം.
വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ ഇടവഴികളിലൂടെ മാതാവിന്റെ ഒക്കത്തിരുന്നായിരുന്നു സാബിക്കിന്റെ സ്കൂള്‍ യാത്രകള്‍. നായാടിപ്പാറ ജി.യു.പി.എസിലായിരുന്നു പ്രാഥമിക പഠനം. ശാരീരിക പ്രയാസങ്ങളെ മറികടന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മിന്നുംവിജയം നേടിയ സാബിക്കിനെ സ്കൂള്‍ അധികൃതര്‍ വീട്ടിലെത്തി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടില്‍, പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍, അധ്യാപകരായ അബ്ദുല്‍ മജീദ്, ക്ലാസ് അധ്യാപിക അനു അഷറഫ് എന്നിവര്‍ പങ്കെടുത്തു. സാബിക്കിന്റെ പേരില്‍ തയാറാക്കിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം.