
അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വപ്ന സുരേഷ്. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സംഭവിക്കുകയാണെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ഏറെ വൈകാരികമായായിരുന്നു സ്വപ്ന സുരേഷിന്റെ പ്രതികരണം. തന്നെ വേണമെങ്കില്‍ ഇല്ലാതാക്കാന്‍ നോക്കിക്കോളൂ. എന്നാല്‍ തനിക്കൊപ്പമുള്ള മറ്റുള്ളവരെ അതില്‍ നിന്ന് ഒഴിവാക്കണമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു.
ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുകയാണ്. ഞാന്‍ പറഞ്ഞതിലെല്ലാം ഉറച്ചുനില്‍ക്കുന്നു. അഭിഭാഷകനെ ഇന്ന് പൊക്കുമെന്ന് ഷാജ് പറഞ്ഞു. അത് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നു. എന്നെ ഇല്ലാതാക്കിക്കോളൂ. പക്ഷേ മറ്റുള്ളവരെ ഒഴിവാക്കണം. ഇത്രയും പറഞ്ഞുകൊണ്ട് സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് വിറച്ച് തറയിലേക്ക് മറിഞ്ഞുവീണ സ്വപ്നയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്കി. സ്വപ്നയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.