
കൊച്ചി: കേരളാ പൊലീസില്‍ നിന്ന് തനിക്ക് സുരക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. ഷാജുമായി എഡിജിപി വിജയ് സാഖറെ നാലഞ്ച് മണിക്കൂര്‍ കൂടിക്കാഴ്ച നടത്തി. മറ്റൊരു എഡിജിപി അജിത് കുമാര്‍ 36 തവണ ഷാജ് കിരണുമായി സംസാരിച്ചു. ഈ കേരളാ പൊലീസ് തനിക്ക് സുരക്ഷ നല്‍കുമോ എന്ന് ചോദിച്ച സ്വപ്ന താന്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കൂടെയുള്ളത് ഗാര്‍ഡുകള്‍ അല്ല. അവര്‍ തന്റെ വ്യക്തിപരമായ സഹായത്തിനുള്ളതാണ് ഫിറ്റ്സ് വന്ന് വീഴുമ്പോള്‍ പിടിക്കാന്‍ ആരെങ്കിലും വേണ്ടേയെന്നും സ്വപ്ന സുരേഷ് ചോദിച്ചു. ഷാജ് കിരണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിന് പിന്നാലെ സ്വപ്ന സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. രണ്ട് ബോഡി ഗാര്‍ഡുകളെ കൂടെ അവര്‍ പൂര്‍ണ്ണ സമയം നിയമിച്ചിരുന്നു.
അതേസമയം, കെ ടി ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കെ ടി ജലീലും പൊലീസും ചേര്‍ന്നുണ്ടാക്കിയതാണ് ഗൂഢാലോചനാ കേസെന്നാണ് സ്വപ്നയുടെ ആരോപണം.