
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് ആരോപണ വിധേയനായ സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്നു വൈകിട്ട് മൂന്ന് മണിക്ക് പുറത്തുവിടും. പാലക്കാട് വെച്ചാവും ശബ്ദരേഖ പുറത്തു വിടുക.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി ഷാജ് കിരൺ എത്തുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്. തെളിവായി ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് ആയതിനാലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദിക്കുന്നത്.