
ന്യൂഡല്‍ഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ക്ക് വിളക്കെർപ്പെടുത്തി
പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയതിലും പത്തോളം പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.
പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒരു വസ്തുതാ പരിശോധനാ ലൈനും തുറന്നിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
‘സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസിന് താഴെയുള്ളവരാണ്. അതുകൊണ്ട് രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണ്. പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് വഴി മാത്രമായിരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് തീയതികളും കേന്ദ്രം പ്രഖ്യാപിച്ചു.
കരസേനയിലെ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം നാളെയിറങ്ങും. ഓഗസ്റ്റ് പകുതിയോടെ റിക്രൂട്ട്‌മെന്റ് റാലി നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.