
വിവാഹം ഏവരുടെയും ജീവിതത്തിലെ ഒരു പ്രധാന ചിവടുവയ്പ്പാണ്. തങ്ങളുടെ പങ്കാളിയെ ഏറെ കരുതലോടെ ആണ് ഏവരും തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇവിടെ ഒരു വ്യത്യസ്ത വിവാഹത്തിന്റെ കാര്യം ആണ് ഇനി പറഞ്ഞു വരുന്നത്.
തന്നെ തന്നെ വിവാഹം ചെയ്യാനൊരുങ്ങി ഇരിക്കുകയാണ് ഇവിടെ ഒരു യുവതി. ഗുജറാത്തുകാരിയായ ക്ഷമാ ബിന്ദു ആണ് ജൂൺ 11ന് തന്റെ വിവാഹത്തിന് തയ്യാറെടുക്കുന്നത്. എല്ലാ പരമ്പരാഗത ആചാരപ്രകാരങ്ങളോടെയായിരിക്കും വിവാഹ ചടങ്ങെന്ന് യുവതി പറഞ്ഞു. എന്നാൽ വരനുണ്ടായിരിക്കില്ല. ഗുജറാത്തിലെ ആദ്യത്തെ സോളോഗമി (സ്വയം വിവാഹിത) ആയിരിക്കുമിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഞാൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എനിക്ക് വധുവാകാൻ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നാണ് ക്ഷമ മാധ്യമങ്ങളോട് പറഞ്ഞത്. രാജ്യത്ത് ഏതെങ്കിലും സ്ത്രീ സ്വയം വിവാഹം കഴിച്ചിട്ടുണ്ടോ എന്നറിയാൻ ഓൺലൈൻ മാധ്യമങ്ങളിൽ തിരഞ്ഞെങ്കിലും വാർത്ത കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു. ഒരുപക്ഷേ നമ്മുടെ രാജ്യത്ത് ആത്മസ്നേഹത്തിന്റെ ആദ്യ മാതൃക താനായിരിക്കാമെന്നും ക്ഷമ പറഞ്ഞു.