
മലപ്പുറം: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അസ്വാഭാവികത ആരോപിച്ച് സമസ്ത വിദ്യാര്‍ത്ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും പത്താം ക്ലാസ് പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തിലെ അന്തരം ചൂണ്ടിക്കാട്ടി എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടരി സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തി.
കഴിഞ്ഞ വര്‍ഷം 1.25 ലക്ഷത്തോളം കുട്ടികള്‍ എ പ്ലസ് നേടിയപ്പോള്‍ ഇത്തവണ അത് 44,363 ആണെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് പറഞ്ഞു.
ഇത് സ്വാഭാവികമോ യാദൃശ്ചികമോ അല്ല. ഇതിലെ മറിമായം പുറത്ത് വരണം. ഒരു തലമുറയെ ഇങ്ങനെ പരീക്ഷണ വസ്തുക്കളാക്കരുത്. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ഏറ്റവും കൂടുതല്‍ പേര്‍ നാളെ മുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ക്ക് വേണ്ടി അലയേണ്ടതും മലപ്പുറത്ത് തന്നെ,’ സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 99.26 ശതമാനമാണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി പ്രഖ്യാപിച്ചിരുന്നു.
44,363 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 99.76 ശതമാനം. വയനാട്ടിലാണ് ഏറ്റവും കുറവ് വിജയശതമാനം. 92.07 ശതമാനം.2021ല്‍ 1,21,318 പേരാണ് എല്ലാ വിഷയത്തില്‍ എ പ്ലസ് നേടിയത്. അതിന് മുന്‍പത്തെ വര്‍ഷമായ 2020ല്‍ എ പ്ലസ് 41,906 ആയിരുന്നു. 79,412 എ പ്ലസാണ് 2021ല്‍ വര്‍ധിച്ചത്. കൊവിഡ് മൂലം പഠനം വെല്ലുവിളി നേരിട്ട ബാച്ചായിരുന്നു 2021ലേത്. ഇത്തവണ വാരിക്കോരി മാര്‍ക്ക് ദാനമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.