കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത എസ്.നായര്‍.
രഹസ്യമൊഴി നല്കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പൊലീസ് അന്വേഷിക്കട്ടെയെന്നും സരിത വ്യക്തമാക്കി. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു.
രാജ്യാന്തര ശാഖകളുള്ള ജൂവലറി ഗ്രൂപിനായാണ് സ്വപ്ന സ്വര്‍ണം കടത്തിയതെന്ന് സരിത ആരോപിച്ചു. അതിന്റെ തെളിവുകള്‍ കയ്യിലുണ്ട്. ഇരുപത്തിമൂന്നിന് കോടതിയില്‍ നല്കുന്ന രഹസ്യ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും സരിത വ്യക്തമാക്കി.
മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നുമാണ് ജയിലില്‍വെച്ച് സ്വപ്ന പറഞ്ഞത്. ജയിലില്‍ സ്വപ്ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ നില്ക്കാന് താന്‍ തയ്യാറാണ്. ആരോപണങ്ങളൊന്നും തെളിയിക്കാനുള്ള തെളിവ് ഹാജരാക്കാന്‍ സ്വപ്നക്ക് കഴിഞ്ഞിട്ടില്ല.അവരുടെ കൈയില്‍ ഒരു തെളിവുമില്ല, ഒരു പേപ്പര്‍ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇതുകൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.
പി.സി. ജോര്‍ജ് സാറുമായി താന്‍ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തില്‍ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്.
അവര്‍ രഹസ്യമൊഴി നല്കിയ ശേഷം ബിരിയാണി ചെമ്ബ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സീരിസായി അത് വരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു
എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു.
നേരത്തെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് അല്ലാതെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞദിവസം സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. അതേസമയം, കീഴ്ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിതയുടെ പ്രതികരണം
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഗൂഢാലോചനാ കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പിസി ജോര്‍ജ്ജ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സരിതാ എസ് നായര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയും പിസി ജോര്‍ജ്ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നുമാണ് സരിത ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് നല്കിയ മൊഴി.