
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിലും എ.ഐ.സി.സി ആസ്‌ഥാനത്തേക്ക് ഡെല്‍ഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്.
ഇന്ന് രാജ്ഭവനുകള്‍ ഉപരോധിക്കുന്നതാണ്. ഡെല്‍ഹിയില്‍ ഉള്ള എംപിമാരോട് മടങ്ങി പോകരുതെന്ന് നേതൃത്വം നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്.
നാലാം റൗണ്ട് ചോദ്യം ചെയ്യലിനായി രാഹുലിനോട് നാളെ ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ സമര പരിപാടികള്‍ സംബന്ധിച്ച കൂടിയാലോചനകളും ഇന്ന് നടക്കുന്നതാണ് . തിങ്കളാഴ്‌ചയാണ് രാഹുലിന്റെ ഇഡി ചോദ്യം ചെയ്യല്‍ തുടങ്ങിയത്. ഇന്നലവരെ 25 മണിക്കൂറാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. നൂറ് ചോദ്യങ്ങള്‍ ചോദിച്ചതായാണ് ലഭിച്ച വിവരം.
ചോദ്യം ചെയ്യലുമായി രാഹുല്‍ ഗാന്ധി സഹകരിക്കുന്നില്ലെന്നും മറുപടികള്‍ തൃപ്‌തികരമല്ലെന്നുമാണ് ഇഡി വൃത്തങ്ങളറിയിക്കുന്നത്. അതിനിടെ, എഐസിസി ആസ്‌ഥാനത്തേക്ക് ഡെല്‍ഹി പോലീസ് കടന്നതിനെതിരെ തുഗ്ളക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിനെതിരായ നടപടിയില്‍ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാന്‍ കെപിസിസി തീരുമാനിച്ചിട്ടുണ്ട്.
എ.ഐ.സി.സി ആഹ്വാന പ്രകാരം ഇന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 11ന് മാര്‍ച്ച്‌നടക്കുന്ന മാര്‍ച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉല്‍ഘാടനം ചെയ്യും. വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുക്കും. നാളെ ജില്ലാ തലങ്ങളിലാണ് പ്രതിഷേധം നടക്കുക. കമ്പനി നിയമത്തിലെ പ്രത്യേക വ്യവസ്‌ഥക്ക് കീഴില്‍ സംയോജിപ്പിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ‘യങ് ഇന്ത്യ’യെന്നും അതില്‍ നിന്ന് ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി ഇഡി ഉദ്യോഗസ്‌ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.