
കോഴിക്കോട് : കോഴിക്കോട് കോര്‍പ്പറേഷനിലെ ആവിക്കല്‍ തോടില്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. മണ്ണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയാല്‍ തടയുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തി.
കോഴിക്കോട് ബീച്ച് റോഡ് ഉപരോധിച്ചാണ് പ്രതിഷേധം. റോഡില്‍ ഇരുന്നും കിടന്നും ഇവര്‍ പ്രതിഷേധിക്കുകയാണ്. കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രകടനമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചത്.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആവിക്കല്‍ തോടില്‍ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നത്. മുന്‍പും ഇവിടെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണ്ണ് പരിശോധനയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്യോഗസ്ഥരെത്തിയപ്പോഴും നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. അതിനു ശേഷം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും കോര്പ്പറേഷന് അധികൃതര്‍ എത്തിയത്.