
ബിഗ് ബോസ് സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ഫൈനലിലേക്ക് അടുക്കും തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസ്മിൻ ബിഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്തത് മത്സരാർത്ഥികളിലും ആരാധകരിലും ഞെട്ടൽ ഉളവാക്കിയിരുന്നു. എന്നാൽ ജാസ്മിൻ പോയി കാണില്ല സീക്രട്ട് റൂമിൽ കാണുമെന്ന താരത്തിലുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ അവസരത്തിൽ ജാസ്മിൻ ബിഗ് ബോസിൽ നിന്നും നിന്നും പുറത്തേക്ക് പോയി എന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.
ബിഗ് ബോസിലെ മുൻ മത്സരാർത്ഥിയായിരുന്ന നിമിഷക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ‘ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി’ എന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. ‘നല്ല കാര്യങ്ങൾ ചെയ്യാം’ എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്.
ബിഗ് ബോസ് സീസൺ നാലിന്റെ അറുപത്തി ഒൻപതാമത്തെ എപ്പിസോഡിലാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്. റോബിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞു. ഈ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് എന്താണ് അന്ന് നടന്നതെന്ന് ബിഗ് ബോസ് മത്സരാർത്ഥികളോട് ആരാഞ്ഞത്.
ഓരോരുത്തരും അവരവർ കണ്ട കാര്യങ്ങൾ പറഞ്ഞു. എന്നാൽ ബിഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോയിരിക്കുകയാണ്. റോബിനെ തിരികെ വീട്ടിൽ എത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തിയത്.