
പരിസ്ഥിതി ദിനത്തിൽ തൈകൾ നട്ടുപ്പിടിപ്പിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് നട്ട മരത്തെ സംരക്ഷിച്ച് വേറിട്ട മാതൃകയായിയിരിക്കുകയാണ് ഒരു നഗരസഭ.
വർഷങ്ങൾക്കു മുൻപ് ഒരു പരിസ്ഥിതി ദിനാചരണ ദിവസം നട്ടുപിടിപ്പിച്ച മൂന്ന് ഞാവൽ തൈകൾ വളർന്ന് സ്കൂൾ കെട്ടിടത്തിന് ഭീഷണി ആയതോടെ മരങ്ങൾ വെട്ടി മാറ്റണം എന്ന ആവശ്യം ശക്തമാവുകയായിരുന്നു.
നഗരസഭയാകട്ടെ പലപ്പോഴും ചില്ലകളും കൊമ്പുകളും മുറിച്ചു മാറ്റി പരാതികൾ അപ്പോൾ പരിഹരിച്ചു കൊണ്ടിരുന്നു. നിലവിൽ മരങ്ങൾ കൂടുതൽ വളർന്ന് കെട്ടിടത്തിന് ഭീഷണിയായതിനെ തുടർന്ന് വീണ്ടും മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുകയിരുന്നു.
ഇതിനൊരു ബദൽ സംവിധാനം കണ്ടെത്തി വടക്കാഞ്ചേരി നഗരസഭ മുന്നിട്ടിറങ്ങിയതോടെ പരിസ്ഥിതി ദിനത്തിൽ ഏറെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.
മുറിച്ചു നീക്കാതെ മരം സംരക്ഷിക്കാനാണ് നഗരസഭ തീരുമാനമെടുത്തത്. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് മരം പിഴുതിമാറ്റി മറ്റൊരിടത്ത് നട്ടുപിടിപ്പിച്ചത്.
വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ കോമ്പൗണ്ടിലെ മൂന്ന് ഞാവൽ മരങ്ങളാണ് മുറിച്ച് നീക്കാതെ നഗരസഭയുടെ നേതൃത്വത്തിൽ പിഴുതെടുത്ത് വടക്കാഞ്ചേരി ശിവക്ഷേത്രത്തിനോട് ചേർന്നുള്ള പുറമ്പോക്കിൽ നട്ടു പിടിപ്പിച്ചത്.