
വേങ്ങര: ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയേറ്റെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍.
മലപ്പുറം വേങ്ങര സ്വദേശികളായ ഇബ്രാഹിം, അബ്ദുറഹ്മാന്, റുമീസ്, സുധീഷ്, നാസിം എന്നിവരാണ് പൊലീസ് പിടിയിലായത്. വേങ്ങരയിലെ ഹോട്ടലുമടയില് നിന്നും 25000 രൂപ തട്ടിയ കേസിലാണ് സംഘം അറസ്റ്റിലായിരിക്കുന്നത്.
വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. ഇവിടെ നിന്നും ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച നാലംഗ സംഘം അവസാന കഷ്ണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയാണെന്ന് പറഞ്ഞു. പിന്നാലെ ഉടമയുടെ നമ്പര്‍ വാങ്ങി ഹോട്ടലില്‍ നിന്ന് മടങ്ങി. ഹോട്ടലുടമയെ ഫോണില്‍ വിളിച്ച് പരാതി നല്കാതിരിക്കാന് 40,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളില്‍ ഹോട്ടലിനെതിരെ വ്യാജ പ്രചരണം നടത്തുമെന്നും സംഘം ഭീഷണി മുഴക്കി. വിലപേശലിന് ശേഷം 25000 രൂപ നല്കിയാല് പരാതി നല്‍കില്ലെന്ന ധാരണയിലെത്തി.
ഭീഷണിക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുമ്പ് ഈ സംഘം പൂട്ടിച്ചിരുന്നു. മലപ്പുറം ഡിവൈഎസ്പിയുടെ നിര്‍ദ്ദേശാനുസരണം സിഐ ജോബി തോമസ്, എസ്ഐ ഷൈലേഷ് ബാബു, എഎസ്ഐമാരായ സിയാദ് കോട്ട, മോഹന്‍ദാസ്, ഗോപി മോഹന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഹമീദലി, ഷഹേഷ്, ജസീര്‍, വിക്ടര്‍, സിറാജ്, ആരിഫ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.