
അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുസ് കുറയ്ക്കുന്നുവെന്ന് പഠനം. ചിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യക്കാരുടെ ആയുസിൽ അഞ്ച് വർഷത്തിന്റെ കുറവാണ് ഉണ്ടാവുക.
കൊവിഡ് മഹാമാരിയുടെ ആദ്യ വർഷം പോലും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയാതെ 2019ലേതിന് സമാനമായി തന്നെ നിൽക്കുകയായിരുന്നു. ഇതോടെ വായു മലിനീകരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലോകാരോഗ്യ സംഘടന പുതുക്കി. ഇത് പ്രകാരം ലോകത്തെ 97.3 ശതമാനം പേരും സുരക്ഷിതമായ പ്രദേശങ്ങളിലല്ല താമസിക്കുന്നതെന്ന് കണ്ടെത്തി. സുരക്ഷിതമല്ലാത്ത പ്രദേശങ്ങളുടെ പട്ടികയിൽ ഡൽഹിയും ഉൾപ്പെടും.
പുകവലി കാരണം ഒരാളുടെ ആയുസിലുണ്ടാകുന്ന കുറവിന് സമാനമാണ് അന്തരീക്ഷ മലിനീകരണം കാരണം സംഭവിക്കുന്നത്. മദ്യപാനം കാരണം കുറയുന്ന ആയുസിന്റെ മുന്നിരട്ടിയോളവും, എയിഡ്സ് ബാധിക്കുന്നതിന്റെ ആറിരട്ടിയും വരും ഇത്.
ഈ അവസ്ഥ തുടരുകയാണെങ്കിൽ ഈ പ്രദേശത്തെ ജനങ്ങളുടെ ആയുസിൽ നിന്ന് 12 വർഷം കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.