30 വര്‍ഷത്തെ അധ്യാപന ജീവിതം. അന്‍പതിലേറെ വിദ്യാര്‍ത്ഥികളോടുള്ള ലൈംഗിക പീഡനം. പലരും ഭീഷണിയും ഭയവും മൂലം പുറത്തുപറഞ്ഞില്ല. കുട്ടികളെന്ന പ്രായം മുതലെടുത്ത് കെ വി ശശികുമാര്‍ ചെയ്ത ക്രൂരതകള്‍ പുറത്തുവന്നത് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ്. ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്ന് പൊലീസ് പിടികൂടി.
മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിലെ ജോലിക്കിടെ അധ്യാപകന് എന്ന പദവി ദുരുപയോഗം ചെയ്ത് കെ വി ശശികുമാര്‍ ചെയ്ത ക്രൂരതകള്‍ വിശദീകരിച്ചുകൊണ്ടാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. വിരമിച്ച ശേഷം അധ്യാപന ജീവിതവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് കേസെടുക്കുന്നതിലേക്ക് എത്തിയ നടപടികളുടെ തുടക്കം. ഈ പോസ്റ്റിന് താഴെ നിരവധി പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തി.