
മലപ്പുറം: നാളെ അർധ രാത്രിയോടെ ട്രോളിങ് നിരോധനം തുടങ്ങും. ബോട്ടുകൾക്ക് സുരക്ഷിതമായി നിർത്തിയിടാൻ പൊന്നാനിയിൽ ഇടമില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച ഹാർബറിലെ വാർഫിൽ ബോട്ടുകൾ സുരക്ഷിതമല്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാറ്റിൽ ബോട്ടുകൾ വാർഫിൽ ഇടിച്ച് തകരുന്ന അവസ്ഥയുണ്ട്.
പല ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഹാർബറിന്റെ പടിഞ്ഞാറു ഭാഗത്താണെങ്കിൽ മണൽതിട്ട ഭീഷണി ഉയർത്തുന്നു. ഹാർബർ പ്രദേശം ആഴം കൂട്ടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഹാർബറിനോടു ചേർന്ന ഭാഗത്ത് രണ്ടര മീറ്റർ മാത്രമാണ് ആഴം.
തൊട്ടടുത്തുള്ള ഭാഗങ്ങളിൽ ഇതിനെക്കാൾ ആഴം കുറവാണ്. തുറമുഖ വകുപ്പ് ഓഫിസിനു മുൻപിലെ പഴയ പാതാറിലാണ് കൂടുതൽ ബോട്ടുകൾ നിർത്തിയിടുന്നത്. ഇൗ ഭാഗത്ത് ഒരു മീറ്റർ പോലും താഴ്ചയില്ല. വേലിയിറക്ക സമയത്ത് ബോട്ടുകൾ മണൽ തിട്ടയിൽ നിൽക്കുന്ന അവസ്ഥയുണ്ട്. ട്രോളിങ് നിരോധനമുള്ള ഒന്നര മാസത്തോളം ബോട്ടുകൾക്ക് സുരക്ഷിതമായി നങ്കൂരമിടാൻ ഇടമില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരിക്കുകയാണ്.
ശക്തമായ കാറ്റിൽ ബോട്ടുകളുടെയും വള്ളങ്ങളുടെയും കെട്ടഴിഞ്ഞ് കടലിലേക്ക് ഒഴുകിപ്പോയ സംഭവങ്ങൾ പലതവണ ആവർത്തിക്കപ്പെട്ടു. ബോട്ടുടമകൾക്കും വള്ളക്കാർക്കുമായി ഈ ഇനത്തിൽ കോടികളുടെ നഷ്ടമുണ്ടായി. മുമ്പ് കടലിലേക്ക് ഒഴുകിയ ഇൻബോർഡ് വള്ളം അഴിമുഖത്ത് താഴ്ന്ന് മണൽതിട്ടയിൽ ഇടിച്ച് നിന്നിരുന്നു.
യാനങ്ങൾ ഹാർബറിലേക്കു കടന്നുവരുന്ന ഭാഗത്തു തന്നെ വള്ളം ഇടിച്ചു നിന്നത് മറ്റ് യാനങ്ങൾക്ക് യാത്രാ ഭീഷണി ഉയർത്തിയിരുന്നു. ട്രോളിങ് നിരോധന കാലത്തെങ്കിലും ബോട്ടുകൾക്ക് സുരക്ഷിതമായി നങ്കൂരമിടാനുള്ള സൗകര്യം സർക്കാർ ഒരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.