
ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എപ്പോഴും നമ്മുടെ ആത്മവിശ്വാസം തകർക്കാറുണ്ട്. അതിൽ ഇന്ന് കൂടുതൽ പേരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. നെറ്റിയിലും കവിളിലും മൂക്കിന്റെ മുകളിലുമൊക്കെ അങ്ങിങ്ങായി കാണപ്പെടുന്ന പഴുപ്പ് നിറഞ്ഞ മുഖക്കുരുക്കൾ പലരിലും വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു.
കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാൽ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കിൽ അതിന് മറ്റ് പല കാരണങ്ങൾ ഉണ്ടാകാം.
ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്ന ഹോർമോണിന്റെ അമിത ഉത്പാദനവും മറ്റ് പല ഹോർമോൺ വ്യതിയാനങ്ങളും മുഖക്കുരു ഉണ്ടാകാൻ കാരണമാകുന്നു. സെബം അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതോടെ സെബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങൾ അടയുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- ദിവസവും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്തെ മൃതകോശങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യാൻ ഇത് സഹായിക്കും.
- മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മികച്ച ബ്രാൻഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക.
- പുറത്തു പോയി വന്ന ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കണം.
- രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് നിർബന്ധമായും കഴുകി വൃത്തിയാക്കുക.
- താരനുള്ളവരിൽ മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്. താരൻ മുഖത്ത് വീണ് രൂപകൂപങ്ങൾ അടഞ്ഞ് കുരുക്കൾ കൂടുതലായി ഉണ്ടാകാം.
- അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ മുഖക്കുരുവിലേയ്ക്ക് നയിക്കും.
- മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പാൽ തുടങ്ങിയവ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.