
പിണറായി വിജയനെ കാണുമ്പോൾ ചില ലീഗ് നേതാക്കൾക്ക് മുട്ടിടിക്കുന്നുവെന്ന് പാർട്ടി നേതാവും മുൻ അഴീക്കോട് എം.എൽ.എയുമായ കെ.എം. ഷാജി. സ്വന്തം വാപ്പമാർ പറഞ്ഞിട്ടല്ല, നേതാക്കന്മാർ പറഞ്ഞിട്ടാണ് പ്രവർത്തകർ സമരമുഖത്തേക്കിറങ്ങുന്നത്. ആ അണികളെ വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവിൽ പോയി മറ്റുള്ളവർക്ക് സ്തുതി പാടുന്നവരുടെ കാപട്യം ഏറെ വലുതാണെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഷാജി പറഞ്ഞു.
എന്നെയൊക്കെ കാണുമ്പോൾ വലിയ മൊഞ്ചാക്കി വർത്തമാനം പറയുന്നത് നിർത്തി നിങ്ങൾ നേര് പറയണം. പ്രവാസികളോട് ഞാൻ ചോദിക്കുകയാണ്. നിങ്ങൾക്ക് എന്തിന്റെ പേടിയാണ്? ഇവിടെ വരുമ്പോൾ സ്പ്രേയും കുപ്പായവുമൊക്കെ നിങ്ങൾ തന്നെയാണ് വാങ്ങിത്തന്നത്. നാട്ടിൽ വന്നാൽ അതൊക്കെ വാങ്ങിത്തരുമോ? എന്തിനാണിങ്ങനെ മൊഞ്ചാക്കി സംസാരിക്കുന്നത്? എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ മുട്ടുവിറയ്ക്കുന്നത്? ഓരോരുത്തരെ കാണുമ്പോൾ കളം മാറുന്നത് എന്തിനാണ്?
ഒരു കാര്യം നേതാക്കന്മാർ മനസ്സിലാക്കണം. നമ്മുടെയൊക്കെ വാക്കും വർത്തമാനവും കേട്ടിട്ടാണ് അണികൾ തെരുവിലിറങ്ങുന്നത്. യുദ്ധം ചെയ്യുന്നത്. അവരുടെ വാപ്പ പറഞ്ഞിട്ടല്ല. അതു മനസ്സിലാക്കണം. ആ അണികളെയും വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവിൽ പോയി മറ്റുള്ളവർക്ക് സ്തുതി പാടുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ കാപട്യം വേറെയില്ല. പ്രവർത്തകരുടെ കൂടെ നിന്നുകൊടുക്കാൻ കഴിയണം. അണികളെ തീപാറിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്ന പണിയല്ല നേതാക്കന്മാരുടേത്. അവരുടെ പ്രശ്നങ്ങളിൽ കൂടെയുണ്ടാകണം’ -ഷാജി പറഞ്ഞു.