
മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍.
മുസ്ലിംലീഗിന്റെ മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറക്കല്‍ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ മാസം 16നാണ് പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീര്‍ എന്നയാള്‍ ക്രൂരമായി മര്‍ദിച്ചത്. ദേശീയ പാതയില്‍വെച്ച് ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുയും ചെയ്തു.
പെണ്‍കുട്ടികള്‍ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേഗതയിലെത്തിയ കാര്‍ ഇടത് വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ തൊട്ടടുത്ത് നിന്നയാളാണ് പകര്‍ത്തിയത്.
പിടിയിലായ മുസ്ലിം ലീഗ് നേതാവ് ഈ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി പൊലീസിലാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. കേസ് 14ന് വീണ്ടും പരിഗണിക്കും. സൈബര്‍ അറ്റാക്കുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴിയും വരും ദിവസങ്ങളില്‍ പൊലീസ് രേഖപ്പെടുത്തും.