മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ആപ്പുകളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും തങ്ങളുടെ പ്ലാറ്റ്ഫോമില്‍ റീല്‍സിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ടിക് ടോകിന്റെ തിരിച്ചുവരവ് മുന്നില്‍ കണ്ട് അതിവേഗം അപ്ഡേറ്റുകള് വരുത്തുകയാണ് ഈ ആപ്പുകള്‍. റീല്‍സ് കൂടുതല്‍ രസകരമാക്കാനായി പുതിയ എഡിറ്റിങ് ടൂളുകളാണ് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും അവതരിപ്പിക്കുന്നത്. ഇനി റീല്‍സ് ചെയ്യുന്നവര്‍ക്കായി മറ്റൊരു ഫീച്ചര്‍ കൂടി ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും നല്കുന്നു. ദൈര്‍ഘ്യമേറിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യാനും അപ്ലോഡുകള്‍ ഷെഡ്യൂള്‍ ചെയ്യാനും ഉപയോക്താക്കളെ പുതിയ ഫീച്ചര്‍ സഹായിക്കുന്നു.
ഇന്‍സ്റ്റഗ്രാം റീലുകളുടെ പരമാവധി സമയം മുമ്പ് 60 സെക്കന്റായിരുന്നു. പുതിയ ഫീച്ചര്‍ വരുന്നതോടെ ഇത് 90 സെക്കന്റായി ഉയരും. 90 സെക്കന്റ് വീഡിയോകള്‍ വിപണി പിടിക്കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.
ഫേസ്ബുക്ക് റീൽസ് :
ഇപ്പോള്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ഫേസ്ബുക്ക് ആപ്പില്‍ റീല്‍സ് ചെയ്ത് ഷെയര്‍ ചെയ്യാന്‍ കഴിയും. എന്നാൽ, ഇനി മുതല്‍ ഫേസ്ബുക്കിന്റെ ക്രിയേറ്റര്‍ സ്റ്റുഡിയോ വഴി വെബ് ബ്രൗസറുകളിലൂടെ ഫേസ്ബുക്ക് റീല്‍സ് ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും. മെറ്റ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇത് അറിയിച്ചത്. ഇതുകൂടാതെ ഫേസ്ബുക്കില്‍ റീല്‍സ് ഷെഡ്യൂള്‍ ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും.
പബ്ലിഷ് ചെയ്തതും ദൈര്‍ഘ്യമേറിയതുമായ വീഡിയോകളില്‍ നിന്ന് ക്ലിപ്പുകള്‍ എടുക്കുന്നതിനും അവ ക്രിയേറ്റര്‍ സ്റ്റുഡിയോ വഴി ഫെയ്സ്ബുക്ക് റീലിലേക്ക് സുഗമമായി എഡിറ്റ് ചെയ്ത് ചേര്‍ക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ ഫീച്ചറുകള്‍.
ഗെയ്മിങ് വീഡിയോ ചെയ്യുന്നവര്‍ക്കായി അവരുടെ ലൈവില്‍ കണ്ടന്റില്‍ നിന്ന് നേരിട്ട് ഷോര്‍ട്ട് റീലുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന പുതിയ എഡിറ്റിങ് ടൂളുകളും മെറ്റ പുറത്തിറക്കുന്നുണ്ട്. ഫേസ്ബുക്ക് റീല്‍സിൽ ഇനി മുതൽ ഉപയോക്താക്കള്‍ക്ക് റെക്കോര്‍ഡിങുകള്‍ വോയിസ് ഓവറുകളായി നല്കാന് കഴിയും. ഇതു വഴി വീഡിയോയെക്കുറിച്ച് ചെറിയ വിവരണം നല്‍കാനും കഴിയും. വീഡിയോ ക്ലിപ്പുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടിന്റെ ബീറ്റിലേക്ക് സിങ്ക് ചെയ്യാന്‍ സഹായിക്കുന്ന സൗണ്ട് സിങ്ക് എന്ന സവിശേഷതയും ഫേസ്ബുക്കില്‍ ഇനി മുതല്‍ ലഭിക്കും.
ഇൻസ്റ്റഗ്രാം റീൽസ് :
റീല്‍സ് ദൈര്‍ഘ്യം 90 സെക്കന്റാക്കിയതിന് പുറമെ റീല്‍സില്‍ ഇനി സ്റ്റീക്കറുകള് ഉപയോഗിക്കാനും കഴിയും. ഇതില്‍ ഇമോജികള്‍ സ്റ്റിക്കറുകളായി ഉപയോഗിക്കാന്‍ കഴിയും. ഇന്ററാക്ടീവ് സ്റ്റിക്കറുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ റീലുകൾ കൂടുതൽ രസകരമാക്കാൻ കഴിയും. ഇന്ററാക്ടീവ് പോള്‍, ക്വിസ്, ഇമോജി സ്ലൈഡർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യഥാര്‍ഥ റീലില്‍ നിന്ന് ഓഡിയോ ക്ലിപ്പ് പ്ലെയ്സ്ഹോള്‍ഡറുകള്‍ പ്രീ ലോഡ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയും. ടെംപ്ലേറ്റുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പുതിയൊരെണ്ണം ഉണ്ടാക്കാനും മറ്റൊരു റീൽ ഒരു ടെംപ്ലേറ്റായി ഉപയോഗിക്കാനും കഴിയും. പുതിയ ഫീച്ചറുകൾ കൊണ്ടുവന്ന് തിരിച്ചു വരവിന് ഒരുങ്ങുന്ന ടിക് ടോകിനെതിരെ ഏറ്റുമുട്ടാൻ തന്നെയാണ് മെറ്റയുടെ നീക്കം.