
ഗുരുവായൂർ : ഗുരുവായൂരിൽ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ പുനർലേലം അവസാനിച്ചു. 15 ലക്ഷം അടിസ്ഥാന തുകയുണ്ടായിരുന്ന ഥാർ വിറ്റു പോയത് 43 ലക്ഷം രൂപയ്ക്കാണ്. ദുബായ് വ്യവസായിയും അങ്ങാടിപ്പുറം സ്വദേശിയുമായ വിഘ്നേശ് വിജയകുമാറാണ് റെക്കോർഡ് തുകയ്ക്ക് വാഹനം ലേലത്തിൽ പിടിച്ചത്.
ഗുരുവായൂരപ്പ ഭക്തനായ വിഘ്നേശ് വിജയകുമാർ ദൈവത്തിന് വേണ്ടി എത്ര തുകയ്ക്ക് വേണമെങ്കിലും ലേലം ഉറപ്പിക്കാൻ തയ്യാറായിരുന്നുവെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ ആൾ പറഞ്ഞു. ദൈവത്തിന് ഒരിക്കലും വില പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്. 15.10 ലക്ഷം രൂപയ്ക്ക് ദേവസ്വം ഭരണസമിതി ലേലം ഉറപ്പിച്ചു.
എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. അന്ന് 8 പേർ പരാതികൾ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ദേവസ്വം ഭാഗം വിശദീകരിച്ചു. ഇതിന് ശേഷമാണ് ഥാർ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്.