
കൊച്ചി: ഇംഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് വാക്കുകള്‍ പറയാത്തതിനാലാണ് അദ്ധ്യാപകന് മര്‍ദ്ദിച്ചതെന്ന് കുട്ടി പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന് അധ്യാപകന് നിഖിലിനെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പള്ളുരുത്തിയില്‍ നിഖില്‍ ട്യൂഷന് സെന്റര്‍ നടത്തി വരുന്നുണ്ട്.
എല്‍കെജിയിലാണ് മര്‍ദ്ദനമേറ്റ കുട്ടി പഠിക്കുന്നത്. ട്യൂഷന് വേണ്ടി നിഖിലിന്റെ സ്ഥാപനത്തിലും കുട്ടി പോയിരുന്നു. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുഞ്ഞിന് ഈ രീതിയില്‍ അദ്ധ്യാപകനില്‍ നിന്ന് മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയപ്പോള്‍ കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇതിന് പുറമെ മാനസികമായ ചില ബുദ്ധിമുട്ടുകളും കുഞ്ഞ് കാണിച്ചു.
ഇതോടെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് അച്ഛനും അമ്മയും കുഞ്ഞിനെ കൊണ്ടു പോകുന്നത്. അവിടെ എത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ കാലില്‍ നീലിച്ച പാടുകളും, ചൂരല്‍ കൊണ്ടടിച്ച പാടുകളും കണ്ടത്. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അദ്ധ്യാപകന്റെ പേരും, അടിക്കാനുണ്ടായ സാഹചര്യവും കുഞ്ഞ് പറയുന്നത്. എബിസിഡി പറയാത്തതിന് മര്‍ദ്ദിച്ചുവെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഉടന്‍ തന്നെ പള്ളുരുത്തി സ്റ്റേഷനിലെത്തി നിഖിലിനെതിരെ കുഞ്ഞിന്റെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.