
ധ്യാന്‍ ശ്രീനിവാസന്റെ സിനിമയെക്കാള്‍ താരത്തിന്റെ അഭിമുഖങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ചിലത് വിവാദങ്ങള്‍ സൃഷ്ടിക്കാറുമുണ്ട്. എന്നാല്‍ ഇനി മാധ്യമങ്ങള്‍ക്ക് സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്. ഫേസ്ബുക്ക് ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
സോളോ ഇന്റര്‍വ്യൂ നല്‍കില്ലെന്ന് പറഞ്ഞ താരം ഗ്രൂപ്പ് ഇന്റര്‍വ്യൂ നല്‍കുമെന്നും പറയുന്നു.’അടുത്തത് ത്രയം എന്നൊരു സിനിമയാണ്. അതിന് ഇന്റര്‍വ്യൂ ഉണ്ടാകുമെന്ന് വിചാരിക്കണ്ട. സോളോ ഇന്റര്‍വ്യൂ ഞാന്‍ നിര്‍ത്തി. കുറെ ആര്ടിസ്റ്റുകള് ഉള്ള സിനിമയാണ്. അത്കൊണ്ട് സോളോ ഇന്റര്‍വ്യൂ നിര്‍ത്തി. വീട്ടില്‍ ഭയങ്കര പ്രശ്നമാണ്. ഇനി കുറച്ച് കാലത്തേക്ക് ഇന്റര്‍വ്യൂ ഉണ്ടാകില്ല. ഇന്റര്‍വ്യൂവിനേക്കാള്‍ കൂടുതല്‍ സിനിമയില്‍ കാണുന്നതായിരിക്കും നല്ലത്. ഇനി ഗ്രൂപ്പില്‍ മാത്രമേ ഇന്റര്‍വ്യൂ കൊടുക്കൂ’ ധ്യാന്‍ പറഞ്ഞു.
തടി കൂടി കുറയ്ക്കണമെന്ന ആരാധകന്റെ കമന്റിനും ധ്യാന്‍ രസകരമായ മറുപടിയാണ് നല്‍കിയത്. ‘പണ്ടൊക്കെ രാത്രി രണ്ടെണ്ണം അടിക്കുക എന്നൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ അതൊന്നുമില്ല. ആകെയുള്ള ഒരു ആശ്വാസം ഭക്ഷണമാണ്. ഇനി തടി കൂടിയിട്ട് സിനിമയില്‍ നിന്നും പുറത്താവുകയാണെങ്കില്‍ പുറത്താവട്ടെ. പണ്ടാരം അടങ്ങാന്‍. എന്തായാലും തടി കുറയ്ക്കും. ‘അടി കപ്യാരെ കൂട്ടമണി 2’ വരാന്‍ സാധ്യതയുണ്ട്. ഉറപ്പില്ല. അപ്പോള്‍ അതിനൊക്കെ വേണ്ടി തടി കുറയ്ക്കേണ്ടി വരും.
ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ വന്നു തുടങ്ങി. അടുത്ത വര്‍ഷം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് വര്‍ക്ക് ഔട്ട് ഒക്കെയുണ്ട്. പഴയകോലം ആകണമല്ലോ. ട്രെയ്നറെ വച്ചിട്ടുണ്ട്. അവന് നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ടെന്നല്ലാതെ വേറെ കാര്യമൊന്നുമില്ല.’ ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനും തടിയുണ്ടല്ലോ എന്ന ഒരാള്‍ ചോദിച്ചപ്പോള്‍ ലാലേട്ടന് എവിടെ കിടക്കുന്നു ഞാന്‍ എവിടെ കിടക്കുന്നു. അതിലൊന്നും കാര്യം ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ സജീമവല്ലാത്ത ആളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ലൈവില്‍ വരുന്നതെന്നും ധ്യാന്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി. ‘പ്രകാശന് പറക്കട്ടെ’ എന്ന സിനിമയെ പ്രമോട്ട് ചെയ്യുന്നത് നല്ല സിനിമയാണെന്ന വിശ്വാസത്തിലാണ്. സിനിമയെക്കുറിച്ചുള്ള നല്ല അഭിപ്രായത്തിന് നന്ദി. എന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.