
മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ കറുത്ത മാസ്കിനും വസ്ത്രങ്ങള്‍ക്കും വിലക്കെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സൈബര്‍ സിപിഐഎം.
‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ വേദിയിലെ വോളന്റിയേഴ്സിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സൈബര്‍ സിപിഐഎമ്മിന്റെ മറുപടി. ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ടി പി ജംഷീറിന്റെയും എസ്എഫ്ഐ ഏരിയാ സെക്രട്ടറി എം സുജിന്റെയും നേതൃത്വത്തിലാണ് 50 ഓളം യുവാക്കള്‍ കറുത്ത ടീഷര്‍ട്ടുമായി ദേശീയ സെമിനാര്‍ വേദിയില്‍ നിറഞ്ഞുനിന്നത്.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ആര്‍ക്കും കറുത്ത വസ്ത്രം അണിയുന്നതിന് വിലക്കില്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു. ”ഞങ്ങള്‍ കറുത്ത വേഷത്തില്‍ തന്നെയാണ് സെമിനാര്‍ വേദിയിലും പരിസരത്തും നിന്നത്. പൊലീസുകാര്‍ വിലക്കിയിട്ടില്ല. കറുത്ത വസ്ത്രമണിഞ്ഞ പൊലീസുകാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തിലുമുണ്ടല്ലോ.”- വിദ്യാര്‍ഥികള്‍ ചോദിച്ചു.
ചിത്രം പങ്കുവച്ച് എഎ റഹീം പറഞ്ഞത് ഇങ്ങനെ: ”ഇത് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാര്‍ വളണ്ടിയേഴ്സാണ്. കറുപ്പല്ല പ്രശ്നം, കലാപശ്രമമാണ് പ്രശ്നം.”