
ന്യൂഡൽഹി: രാജ്യത്ത് പുതിയ 8,822 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 53,637 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മൊത്തം കേസുകളുടെ എണ്ണം 4,32,45,517 ആയി.
ബുധനാഴ്ച 15 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 5,24,792 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,718 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് മുക്തരുടെ എണ്ണം 4,26,67,088 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനവുമാണ്. ദേശീയ രോഗ മുക്തി നിരക്ക് 98.66 ശതമാനമാണ്. ഇന്ത്യയിലുടനീളം നൽകിയ കൊവിഡ് വാക്സിൻ ഡോസുകൾ 195.5 കോടി കവിഞ്ഞു.
കേരളത്തിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നു മുതല്‍ ആറ് ദിവസത്തേക്ക് മുന്‍കരുതല്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
60 വയസിന് മുകളിലുള്ള പാലിയേറ്റീവ് കെയര്‍ രോഗികള്‍, കിടപ്പ് രോഗികള്‍, വയോജന മന്ദിരങ്ങളിലുള്ളവര്‍ എന്നിവര്‍ക്കാണ് മുന്‍ കരുതല്‍ ഡോസ് നല്‍കുന്നത്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.