
ഹൈദരാബാദ് : വാർത്തകളിലും സോഷ്യൽ മീഡിയ സ്ക്രോളുകളിലും ഒരുപോലെ നിറഞ്ഞ് നിന്ന നയൻതാര വിഘ്നേശ് ശിവൻ വിവാഹത്തിന് പിന്നാലെ ഇപ്പോൾ വൻ വിവാദം. ജൂൺ ഒമ്പതിന് ആഘോഷപൂർവ്വമായി ചെന്നൈയിലെ മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം നവവധുവരന്മാർ നേരെയെത്തിയത് തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ്. നവതാരദമ്പതികളുടെ ഈ സന്ദർശനമാണ് വിവാദത്തിന് വഴി ഒരുക്കിയിരിക്കുന്നത്.
തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചെന്നും സെൽഫിയും ചിത്രങ്ങളും എടുത്തെന്നുമാണ് തെന്നിന്ത്യൻ താര റാണിക്കും വരനായ തമിഴ് സംവിധായകനുമെതിരെ വിമർശനം ഉയർന്നിരിക്കുന്നത്. ജൂൺ പത്തിന് തിരുപ്പതി സന്ദർശനം നടത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ നവദമ്പതികളായ നടിക്കും സംവിധായകനുമെതിരെ ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ പ്രധാന വീഥിയായ മഡാ തെരിവിലൂടെ നടി ചെരുപ്പ് ഇട്ടുകൊണ്ട് നടന്നു. കൂടാതെ അനുമതിയില്ലാതെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് ഫോട്ടോഷൂട്ട് നടത്തിയതായി സിസിടിവിയിൽ കണ്ടുയെന്ന് തിരുപ്പതി ക്ഷേത്രത്തിന്റെ ദേവസ്ഥാനം ബോർഡ് ചീഫ് വിജിലൻസ് സെക്യുരിറ്റി ഓഫീസർ നരംസിംഹ കിഷോർ മാധ്യമങ്ങളോടായി പറഞ്ഞു. സംഭവത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ സന്ദേശം നടി പുറത്ത് വിടണമെന്നാവശ്യപ്പെട്ടാണ് ദേവസ്ഥാനം നവദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം വിവാദത്തിൽ വിശദീകരണവുമായി വിഘ്നേശ് ശിവൻ രംഗത്തെത്തുകയും ചെയ്തു. തങ്ങൾക്ക് തിരുപതിയിൽ വച്ച് വിവാഹിതരാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അത് ചില കാരണങ്ങൾ കൊണ്ട് സാധിച്ചില്ല. അതുകൊണ്ടാണ് വിവാഹം ചെന്നൈയിൽ വച്ച് നടത്തിയത്. കല്യാണത്തിന് ശേഷം സ്വന്തം വീട്ടിൽ പോലും പോകാതെ നേരിട്ട് തിരുപ്പതിയിലേക്ക് തങ്ങൾ എത്തുകയായിരുന്നു.
എന്നാൽ അവിടെ എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ആൾക്കൂട്ടം ഉണ്ടായി, അപ്പോൾ ക്ഷേത്രത്തിന്റെ പുറത്തേക്ക് പോകേണ്ടി വന്നു. പിന്നീട് വീണ്ടും അമ്പലത്തിന്റെ ഉള്ളിൽ പ്രവേശിച്ചപ്പോൾ കാലിൽ ചെരുപ്പ് ഇട്ടിരുന്ന കാര്യം ഓർത്തില്ല. തങ്ങൾ മൂലം ആർക്കെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു വിഘ്നേശ് ശിവൻ പ്രസ്താവനയിലൂടെ പറഞ്ഞു.