
ഉത്തര്‍പ്രദേശ്: ഇറ്റാവയിലെ റസ്റ്റോറന്റില്‍ ഒരു ഇറ്റാലിയന്‍ വിഭവത്തിന് രാഹുല്‍ ഗാന്ധിയുടെ പേരു നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് രാഹുല്‍ ഗാന്ധിയുടെ പേരിൽ ഭക്ഷണ വിഭവം ഇറക്കിയത്.
ഹോട്ടലിലെ ഇറ്റാലിയന്‍ വിഭവങ്ങളുടെ വിവരവും വിലയും നല്‍കിയതിന് പൊതുവായി നല്കിയ തലക്കെട്ട് ‘ഇറ്റാലിയന്‍ രാഹുല്‍ ഗാന്ധി’ എന്നായിരുന്നു. ഇറ്റാലിയന്‍ പാസ്ത, മെക്സികന്‍ പാസ്ത, ഹാംഗ്ഓവര്‍ പാസ്ത എന്നീ വിഭവങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മെനു കാര്‍ഡില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ പേര് ഉടനടി മാറ്റാന്‍ ഇറ്റാവ ജില്ല കോണ്‍ഗ്രസ് കമ്മറ്റി ഹോട്ടല്‍ ഉടമകളോട് ആവശ്യപ്പെട്ടു.
രാഹുലിന്റെ പേര് പിന്‍വലിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്കി. വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
മുത്തശ്ശിയോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ ഗാന്ധി ഇറ്റലി സന്ദർശിക്കാറുണ്ട്. രാഹുലിന്റെ വിദേശ സന്ദര്‍ശനം പലപ്പോഴും എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കാറുമുണ്ട്.