
അഞ്ചൽ: കൊല്ലം അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്.
കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് വിവരം. കുട്ടിയെ കാണാതാകുന്നതിന് മുൻപ് കരച്ചിൽ കേട്ടിരുന്നതായി മാതാവ് പറഞ്ഞിരുന്നു.
കുട്ടിയെ കണ്ടെത്താനായി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്.