കൊച്ചി: സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന് അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തു.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്.
അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് സൂചന.
പരാതി നൽകിയ അഡ്വക്കേറ്റ് അനൂപ് വി.ആറിന്റെ ഫേസ്ബുക്ക് പോസ്റ്റ്..
“അവസാനം മതവികാരം വ്രണപ്പെടുത്തിയതിന് കൃഷ്ണരാജിന് എതിരെ കേരളാ പോലീസ് കേസെടുത്തിട്ടുണ്ട്(ഐ.പി.സി സെക്ഷൻ 295A , സെൻട്രൽ പോലീസ് സ്റ്റേഷൻ എറണാകുളം) KSRTC ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്ന് കാബൂളിലേക്ക് സർവ്വീസ് നടത്തുന്നു എന്ന വിദ്വേഷ പ്രസ്താവനക്ക് എതിരെയാണ് കേസ്. പ്രവാചക നിന്ദയ്ക്ക് എതിരായ കേസ് പിന്നാലെ വരുന്നുണ്ട്.