
ഇരിങ്ങാലക്കുട: ബസ് യാത്രയ്ക്കിടെ ശാരീരികാസ്വസ്ഥ്യമനുഭവപ്പെട്ട യുവതിക്ക് ബസ് ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ ജീവൻ തിരിച്ചു കിട്ടാൻ തുണയായി.
ആസാം സ്വദേശിയുടെ ഭാര്യ അസീദ ബീഗത്തിനാണ് തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന പൂജ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ വിഷ്ണു, കണ്ടക്ടർ രഞ്ജിത്ത് എന്നിവർ തുണയായത്.
രാവിലെ തൃശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന ബസ് വെള്ളാങ്ങല്ലൂരിലെത്തിയപ്പോൾ യാത്രക്കാരിയായ അസീദ ബീഗം ശ്വാസം കിട്ടാതെ പ്രയാസപ്പെടുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
എസ്എൻ പുരത്ത് ഹോട്ടൽ ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്. നിലവിൽ യുവതി അപകടനില തരണം ചെയ്തു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച പൂജ ബസ് തൊഴിലാളികളുടെ സന്മനസ്സ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.