
ശസ്ത്രക്രിയകളിൽ വന്നുപെട്ട പിഴവുകൾ മൂലം ജീവിതം വഴിമുട്ടിപോയവരെ കുറിച്ചുള്ള വാർത്തകൾ മുൻപും നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ നടി സ്വാതി സതീഷിനാണ് അത്തരമൊരു ദുരവസ്ഥ നേരിട്ടിരിക്കുന്നത്. റൂട്ട് കനാൽ ശസ്ത്രക്രിയയിൽ വന്ന ഗുരുതര പിഴവ് മൂലം മുഖം നീരുവച്ച് കണ്ടാൽ തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരിക്കുകയാണ് സ്വാതി.
റൂട്ട് കനാൽ ചികിത്സയ്ക്കു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സ്വാതിയുടെ മുഖത്തിന്റെ വലതുഭാഗം വീർത്തുവരികയായിരുന്നു. ഇത് ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സാധാരണയായി കാണപ്പെടുന്ന പാർശ്വഫലമാണെന്നും ഏതാനും മണിക്കൂറുകൾക്ക് അകത്ത് മുഖം പഴയതു പോലെ ആവുമെന്നുമാണ് സ്വാതിയ്ക്ക് കിട്ടിയ മറുപടി. എന്നാൽ, റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ് 20 ദിവസത്തിനു ശേഷവും മുഖം പഴയ അവസ്ഥയിലേക്ക് തിരികെയെത്താതെ വീർത്തിരിക്കുകയാണ്.
ഡെന്റൽ ക്ലിനിക്കിന്റെ ഭാഗത്തു നിന്നുണ്ടായ മെഡിക്കൽ അശ്രദ്ധ കൊണ്ട് സംഭവിച്ചതാണ് ഇതെന്ന് സ്വാതി ആരോപിക്കുന്നു. ഒപ്പം, ക്ലിനിക്കിനെതിരായ നിയമപരമായി മുന്നോട്ടുപോവാൻ ഒരുങ്ങുകയാണ് നടി.
ഇപ്പോഴത്തെ അവസ്ഥ സ്വാതിയുടെ കരിയറിനെയും സമ്മർദ്ദത്തിലാക്കുകയാണ്. സ്വാതി അഭിനയിച്ച ഒരു ചിത്രം റിലീസിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിരിക്കുന്നത്. അതിനാൽ പുറത്തുപോവാനോ സിനിമയുടെ പ്രമോഷന്റെ ഭാഗമാവാനോ സ്വാതിയ്ക്ക് കഴിയുന്നില്ല. മറ്റൊരു ഹോസ്പിറ്റലിൽ ചികിത്സയിലാണ് സ്വാതി ഇപ്പോൾ.
ഈ വർഷമാദ്യം 22കാരിയായ കന്നഡ നടി ചേതന രാജ് ബംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ‘കൊഴുപ്പ് നീക്കം ചെയ്യൽ’ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലം മരണപ്പെട്ടിരുന്നു.