പാലക്കാട് : ചാലിശ്ശേരിയിൽ സ്വകാര്യ ബസ് ടോറസ് ലോറിയുടെ പിറകിലിടിച്ച് നിരവധി പേർക്ക് പരിക്ക്.പട്ടാമ്പിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ‘ആദികേശ്’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചാലിശ്ശേരിയിൽ വെച്ച് ടോറസ് ലോറിയുടെ പിറകിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ സാരമായി പരിക്കേറ്റ 18 പേരെ കുന്നംകുളം റോയൽ ആശുപത്രിയിലും, ആറ് പേരെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ടോറസ് ലോറി വേഗത കുറച്ചതോടെ പിറകിൽ വേഗതയിൽ വന്നിരുന്ന ബസ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്കാണ് കൂടുതൽ പരിക്കേറ്റത്.