
തെക്കന്‍ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങള്‍ മങ്കയത്തിനു സ്വന്തമാണ്, കാളക്കയവും കുരിശ്ശടിയും. സന്ദര്‍ശകരെ ആനന്ദിപ്പിക്കുന്നതാണ് ഈ പ്രദേശത്തിന്റെ ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യവും. മഴക്കാടുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയില്‍ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍. തിരുവനന്തപുരം നിവാസികള്‍ക്ക് ഒരു വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണിത്.
പുഴയുടെ ഓരത്തു കൂടി നടന്നാല്‍ ചെറിയ വള്ളിക്കുടിലുകളും മരക്കൂട്ടങ്ങളും കുടുംബസമേതം ഒരുമിച്ചിരിക്കാന്‍ വേദിയൊരുക്കും. ദീര്‍ഘദൂര നടത്തത്തിനായി വനത്തിലേക്കു നീളുന്ന നടപ്പാതകളും ഉണ്ട്. വെള്ളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് തമ്പടിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.