
മഞ്ഞുപുതച്ച വഴികൾ ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങളും ഇക്കാഴ്ചകളൊക്കെയും ആസ്വദിക്കുവാനായി മിക്കവരും പോവുക മൂന്നാറിലേക്കാണ്. സഞ്ചാരികളുടെ മനസ്സു നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മൂന്നാറിലെ കാഴ്ചകൾ കണ്ടുമടുത്തോ എങ്കിൽ മാങ്കുളത്തേക്ക് വണ്ടികയറാം. അടിമാലിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഒരു 25 കിലോമീറ്റർ ഉള്ളിലേക്ക് സഞ്ചരിച്ചാൽ മാങ്കുളമായി. വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസിൽ നിന്നും ടിക്കറ്റെടുത്ത് ഗൈഡിനൊപ്പം നടന്നുകഴിഞ്ഞാൽ മാങ്കുളമെന്ന പ്രകൃതിയുടെ കുമ്പിളിലേക്ക് ഇറങ്ങിചെല്ലാം.
മലയാറ്റൂർ വനവും രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം. വിരിപ്പാറയിൽ നിന്നും മൂന്നരമണിക്കൂർ നടന്നാൽ നക്ഷത്രകുത്തിലെത്താം.
കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രെക്കിങ് അവസരമൊരുക്കുന്നു.
മാങ്കുളത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നതാണ് കൈനഗരി വെള്ളച്ചാട്ടം. നല്ലതണ്ണിയാർ കൈനഗരിപ്പാറയിലൂടെയൊഴുകി കൈനഗരി വെള്ളച്ചാട്ടമായി മാറുന്നു.വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് ആ സുന്ദരക്കാഴ്ച ശരിക്കും ആസ്വദിക്കാം.
മാങ്കുളത്തു നിന്നും നാലുകിലോമീറ്റർ നടന്നാൽ ആനക്കുളത്ത് എത്താം. സഞ്ചാരികളെ ആകർഷണവലയത്തിലാക്കുന്ന കാഴ്ചയാണ് ആനക്കുളം. ആനകൾ കൂട്ടമായി വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണ് ആനക്കുളം. കാട്ടിൽ നിന്നും വെള്ളംകുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ സാക്ഷ്യം.