
തൃശ്ശൂർ: തൃശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ മാറി നൽകി. 80 കുട്ടികൾക്ക് ആണ് വാക്സിൻ മാറി നൽകിയത്.
ശനിയാഴ്ച എത്തിയ 12നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് കോർബി വാക്സിന് പകരം കോ വാക്സിൻ നൽകിയത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സി എം ഒ യ്ക്കാണ് അന്വേഷണ ചുമതല. 7 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവാക്സിൻ നൽകാൻ അനുമതി ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ഹരിത വി. കുമാർ അറിയിച്ചു.
കളക്ടറുടെ നേതൃത്വത്തിൽ വാക്സിനെടുത്ത 78 രക്ഷിതാക്കളെയും വിളിച്ചു. കുട്ടികൾക്ക് കോ വാക്സീൻ നൽകിയാലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലും ജില്ലാ, മെഡിക്കൽ കൊളെജ് ആശുപത്രികളിലും ശിശു രോഗവിദഗ്ധരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. വാക്സിൻമാറിയ സംഭവത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മൂന്നു ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
12 വയസ് മുതലുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നലെ വരെ 58,009 കുട്ടികൾ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
15 മുതൽ 17 വരെ പ്രായമുള്ള 12,106 കുട്ടികളും 12 മുതൽ 14 വരെ പ്രായമുള്ള 45,903 കുട്ടികളും വാക്സിൻ സ്വീകരിച്ചു.
15 മുതൽ 17 വരെ പ്രായമുള്ള 5249 കുട്ടികൾ ആദ്യ ഡോസും 6857 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതൽ 14 വരെ പ്രായമുള്ള 35,887 കുട്ടികൾ ആദ്യ ഡോസും 10,016 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചു. വാക്സിനേഷൻ യജ്ഞം മേയ് 28 വരെ തുടരും. 15 മുതൽ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 54 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 12 മുതൽ 14 വരെ പ്രായമുള്ള 48 ശതമാനം കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 13 ശതമാനം കുട്ടികൾക്ക് രണ്ടാം ഡോസും നൽകി.