
ഏറെക്കാലമായി ഉപഭോക്താക്കൾ കാത്തിരുന്ന റിയാക്ഷൻസ് ഫീച്ചർ ഇന്നുമുതൽ വാട്സ്ആപ്പിൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക് സുക്കർബർഗ്. നിലവിൽ ഇൻസ്റ്റഗ്രാം, ടെലിഗ്രാം പോലുള്ള ആപ്പുകളിൽ ലഭ്യമാകുന്ന തരത്തിലുള്ള റിയാക്ഷൻസ് ആണ് വാട്സ്ആപ്പിൽ വരുന്നത്.
വാട്സ്ആപ്പിൽ സാധാരണ ഇമോജികൾ ഉപയോഗിച്ച് റിയാക്ഷൻ നൽകുന്ന സംവിധാനമാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുള്ളത്. തൽക്കാലം ആനിമേറ്റഡ് ഇമോജി വാഗ്ദാനം ചെയ്യുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
സ്റ്റാറ്റസ് റിയാക്ഷനുകൾക്ക് 6 ഇമോജികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെയാണ് ഇമോജികൾ.
ഇതിന് പിന്നാലെ ഇൻസ്റ്റാഗ്രാമിലും, ഫേസ്ബുക്കിലും ഉള്ളതുപോലെ റീൽസും വാട്സ്ആപ്പിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. റീൽസ് കൂടി വരുന്നതോടെ വാട്സ്ആപ്പിന്റെ മുഖഛായ തന്നെ മാറും. എന്നാൽ, റീൽസ് വരുന്നതിന് ഉപഭോക്താക്കളുടെ ഇടയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
വാട്സ്ആപ്പിൽ റീൽസ് വരേണ്ട കാര്യമില്ലെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എല്ലാം കൂടെ കൊണ്ടുവന്ന് ഇപ്പോഴത്തെ സ്വീകാര്യത നഷ്ടപ്പെടുത്തരുതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.